• ചെട്ടിക്കാട് വി.അന്തോണീസിന്റെ തീർത്ഥാടനകേന്ദ്രം

History

പണ്ട് ചെട്ടിക്കാട് പള്ളിപ്പുറം മഞ്ഞുമാത ഇടവകയുടെ ഒരു കപ്പേള.മാദ്ധ്യസ്ഥം വി.അന്തോണീസിന്റേത്. ഫാ.ഡോമിനിക് ചിറയത്ത് ആണ് ചെട്ടിക്കാട്ടിൽ സ്ഥിരതാമസമാക്കി ശുശ്രൂഷ തുടങ്ങിയ വൈദീകൻ. 1972 മെയ് 1-ൽ ചെട്ടിക്കാട്ടിൽ സഞ്ചാരയോഗ്യമായ റോഡില്ല, കുടിക്കുന്നതിനും നല്ല വെള്ളവുമില്ല ചുരുക്കത്തിൽ പുതുതായി എത്തുന്ന കൊച്ചച്ചനും കഞ്ഞികുടിക്കാൻ പോലും വകയില്ലാത്ത ഒരിടം.എങ്കിലും ദൈവഭയവും, അനുസരണയും, സഹകരണ മനോഭാവവുമുള്ള ഒരു ദൈവജനം ഇന്നാത്തെപ്പോലെ അന്നും ചെട്ടിക്കാടിന് സ്വന്തം. ദാരിദ്രം കൊണ്ട് പൊറുതിമുട്ടിയ പാവങ്ങളുടെ നാട്. ചകിരിതൊഴിലാളികൾ മത്സ്യതൊഴിലാളികൾ, കർഷകതൊഴിലാളികൾ എന്നിവരായിരുന്നു ഇവിടുത്തെ ജനങ്ങൾ. ഡൊമിനിക് അച്ചൻ ചെട്ടിക്കാട് പള്ളിയിൽ വരുമ്പോൾ ചൊവ്വാഴ്ചകലിൽ കുറുപ്പശ്ശേരി ഐപ്പിന്റെ മകൾ ലില്ലി വി.അന്തോണീസിന്റെ നൊവേനപ്രാർത്ഥന വിശ്വാസികൾക്ക് ചൊല്ലികൊടുക്കുന്ന ഒരു പതിവുണ്ടായിരുന്നു.പടമാട്ടുമ്മൽ, പള്ളത്തുശ്ശേരി, കുഞ്ഞേലുപറമ്പിൽ തറവാടുകളിലെ അമ്മമാർ വി.അന്തോണീസിന്റെ വലിയ ഭക്തരുമായിരുന്നു.വിശുദ്ധനോടുള്ള ഭക്തിയിൽ പല അത്ഭുതങ്ങളും നടന്നതായി നിരവധി സാക്ഷ്യങ്ങളും അക്കാലത്ത് ഉണ്ടായിരുന്നു. തുടർന്ന് ഡൊമിനിക് അച്ചൻ തന്നെ വിശ്വാസികൾക്കായി നൊവേന ചൊല്ലാൻ തുടങ്ങി.

തുടർന്ന് അത്ഭുതത്തിന്റെ നീർച്ചാൽ ചെട്ടിക്കാട് ഒഴുകിതുടങ്ങി.ബോട്ടിലും വള്ളങ്ങളിലും അവർ ചെട്ടിക്കാടിലെ അത്ഭുതപ്രവർത്തകനെ തേടിയെത്തി.അക്കാലത്താണ് വരാപ്പുഴ മെത്രാപോലീത്ത ജോസഫ് കേളന്തറ പിതാവ് പാദുവയിൽ നിന്നും വി.അന്തോണീസിന്റെ തിരുശേഷിപ്പ് കൊണ്ടുവന്ന് ചെട്ടിക്കാട് സ്ഥാപിച്ചത്. 1975 ജനുവരി 7-നായിരുന്നു ഇത്.തുടർന്ന് ചെട്ടിക്കാട് പള്ളിയിൽ വി.അന്തോണീസിന്റെ നിത്യനൊവേന ആരംഭിച്ചു.

വിശ്വാസികൾ ചെട്ടിക്കാട്ടേക്ക് ഒഴുകി. മറ്റു തീർത്ഥാടനകേന്ദ്രങ്ങളിൽ നിന്നും വ്യത്യസ്ഥമായി നൊവേനയ്ക്ക് എത്തിയവരെല്ലാം കുമ്പസാരിച്ചു കുർബാനസ്വീകരിക്കുന്ന ഒരു പതിവ് ചെട്ടിക്കാട് ദൃശ്യമായി.അതു നിരവധിയായ അനുഗ്രഹങ്ങൾ കൊണ്ടുവന്നു.പിന്നീട് അതിവേഗത്തിലായിരുന്നു ചെട്ടിക്കാടിന്റെ ആധ്യാത്മീയ, ഭൗതീക വളർച്ച.

ക്രിസ്തുവിന്റെ പന്ത്രണ്ടു ശിഷ്യരിൽ ഒരുവനായിരുന്ന വി.തോമാശ്ലീഹ സുവിശേഷപ്രചാരണാർഥം ഭാരതത്തിൽ കപ്പലിറങ്ങിയത് ചെട്ടിക്കാട് എന്ന കൊച്ചുഗ്രാമത്തിന്റെ പടിഞ്ഞാറേ അതിർത്തിയിലുള്ള മാല്യങ്കരയിലായിരുന്നു എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ ഭാരതകത്തോലിക്കാ സഭയുടെ പുണ്യഭൂമിയാണ് മാല്യങ്കര ഉൾകൊള്ളുന്ന ചെട്ടിക്കാട് ഗ്രാമം.കേരവൃക്ഷങ്ങളാൽ അലംകൃതവും പ്രകൃതി സുന്ദരവുമായ ഒരു കൊച്ചു ഗ്രാമമാണ് ചെട്ടിക്കാട്.ഈ കൊച്ചുഗ്രാമം ഇന്ന് ഭാരതത്തിന്റെ തീർത്ഥാടണ കേന്ദ്രങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്. തന്റെ സവിധേ അണയുന്നവർക്ക് താങ്ങും തണലും നൽകികൊണ്ട് അവരുടെ കണ്ണീരൊപ്പുന്ന വിശുദ്ധ അന്തോണീസിന്റെ സാനിധ്യം തന്നെയാണ് ചെട്ടിക്കാടിന്റെ കീർത്തി പ്രസിദ്ധമാക്കുന്നത്.

ലോകം അത്ഭുതത്തോടെ വാഴ്ത്തിപാടുന്ന വിശുദ്ധന്റെ അഴുകാത്ത നാവിന്റെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചിട്ടുള്ള ഈ ദൈവാലയത്തിൽ ചൊവ്വാഴ്ച്ച തോറും നടത്തപ്പെടുന്ന തിരുകർമ്മങ്ങളിൽ പങ്കുകൊള്ളുവാൻ കേരളകരയിൽ നിന്ന് മാത്രമല്ല അന്യസംസ്ഥാനങ്ങളിൽ നിന്നുപോലും ഭക്തജനങ്ങൾ ജാതിമത ഭേതമന്യേ എല്ലാ ചൊവ്വാഴ്ച്ചകളിലും എത്തിച്ചേരുന്നു.തീർത്ഥാടന സഹസ്രങ്ങളെ കൊണ്ട് നിറയുന്ന ചെട്ടിക്കാട് ഈ ഗ്രാമത്തിന്റെ കീർത്തിക്ക് ഉദാഹരണമാണ്.